ജീവിച്ചിരുന്ന കാലത്തിന്റെ വ്യവസ്ഥിതികളോട് കലഹിച്ചവരാണ് മഹത്തുക്കളെങ്കിൽ വിക്ടോറിയ വുഡ്‌ഹാൾ മഹതിയാണ്. അത്തരക്കാരാണ് ചരിത്രം രചിക്കുന്നതെങ്കിൽ അവർ ചരിത്ര വനിതയുമാണ്. പിറന്ന രാജ്യത്തിന്റെ ലോകം വാഴ്ത്തുന്ന ചരിത്രത്തിൽ കയറിപ്പറ്റാൻ ജനിച്ചു 176 കൊല്ലം കഴിഞ്ഞിട്ടും സാധിക്കാത്ത വനിത, കാരണം അവരുടെ പ്രവർത്തികളെല്ലാം പുരുഷാധികാരത്തിനെതിരായിരുന്നു. അവർ വാദിച്ചത് തുല്യനീതിക്കായിരുന്നു. അവർക്കു വേണ്ടിയിരുന്നത് വിലക്കുകളില്ലാത്ത പ്രണയമായിരുന്നു. അവർ ആഗ്രഹിച്ചത് രാജ്യഭരണത്തിൽ സ്ത്രീയുടെ പങ്കാളിത്തമായിരുന്നു. അതു കൊണ്ടു തന്നെ ജന്മനാടിന് അവർ അസ്വീകാര്യയായിരുന്നു.
![]() |
| വിക്ടോറിയ വുഡ്‌ഹാൾ |
വിക്ടോറിയൻ കരിമ്പടത്തിനുള്ളിൽ സ്വയം മൂടിക്കഴിഞ്ഞിരുന്ന ജനത്തിന് അവരെ മനസ്സിലാക്കാൻ കാലമേറെ കഴിയേണ്ടി വന്നു. അവർ അമേരിക്കയുടെ പ്രസിഡന്റ് പദം മോഹിച്ചു. അതിനായി മത്സരിച്ചു; ഭരിക്കാനല്ല, പെണ്ണിനും അതു സാധ്യമെന്ന് കാണിക്കാൻ. പെണ്ണിന് വിലക്കുണ്ടായിരുന്ന എല്ലാ മേഖലകളിലും അവർ സ്വന്തം കസേര വലിച്ചിട്ട് ഇരുന്നു.
അങ്ങനെ അമേരിക്കയുടെ ചരിത്രത്തിലെ പല ആദ്യങ്ങളും അവരുടെ പേരിലായി. അമേരിക്കയുടെ പ്രസിഡന്റാവാൻ ആദ്യം മത്സരിച്ച സ്ത്രീ; കോൺഗ്രസ്സിൽ ആദ്യം പ്രസംഗിച്ച സ്ത്രീ; അമേരിക്കയിൽ ആദ്യ ഓഹരി ഇടപാട് സ്ഥാപനം തുടങ്ങിയ സ്ത്രീ; ആദ്യ പ്രതിവാര പത്രം ഇറക്കിയ സ്ത്രീ;
'കമ്മ്യുണിസ്റ് മാനിഫെസ്റ്റോ'യുടെ ഇംഗ്ലീഷ് പരിഭാഷ ആദ്യം പ്രസിദ്ധീകരിച്ച വ്യക്തി ....എന്നിട്ടും ചരിത്രത്തിന്റെ പുറംപോക്കിലാണ് അവർക്ക് ഇടം.
പട്ടുമെത്തയിലേക്കല്ല വിക്ടോറിയ പിറന്നു വീണത്. ഒഹായോയിലെ ചായം തേക്കാത്ത തടിവീടിന്റെ പട്ടിണിയിലേക്കാണ്;1838 ൽ. ജീവിക്കാൻ അറിയാവേലകൾ കാട്ടി ആളെപറ്റിക്കുന്ന അച്ഛൻ ബക്ക്. സകലരോടും വഴക്കടിക്കുന്ന അമ്മ ആനി. വിശപ്പിനും കലഹത്തിനും ഇടയിൽ വിക്ടോറിയ വളർന്നു. പത്തു മക്കളിൽ ഏഴാമത്ത വളായി. മൂന്നു കൊല്ലം പള്ളിക്കൂടത്തിൽ പോയി. പിന്നെ, മരിച്ചവരോട് സംസാരിച്ചും ഭാവി പറഞ്ഞും അത്ഭുത ബാലികയെന്ന് പേരെടുത്തു. കൂട്ടിന് അനി യത്തി ടെന്നിസിയുമുണ്ടായിരുന്നു. കാലമേറെ കഴിഞ്ഞിട്ടും, ബിസിനസ്സു കാരിയും പത്രമുടമയുമായിട്ടും ആത്മാക്കളുമായി സംസാരിക്കാനുള്ള സ്വന്തം ശേഷിയിൽ അവർ വിശ്വസിച്ചു. സ്പിരിച്വലിസ്റ്റായി ജീവിച്ചു.
നിത്യപ്രണയിയായിരുന്നു വിക്ടോറിയ. അതിരുകളില്ലാത്ത പ്രണയത്തിൽ വിശ്വസിച്ച സ്ത്രീ. പ്രണയിക്കാൻ, ഇഷ്ടപ്പെട്ട പുരുഷനെ തിരഞ്ഞെടുക്കാൻ, വിവാഹം കഴിക്കാൻ, കഴിച്ച വിവാഹം വേണ്ടെന്നു വെക്കാൻ എല്ലാം സ്ത്രീക്ക് സ്വാതന്ത്ര്യം വേണമെന്ന് വാദിച്ചു. വാദിച്ചതെല്ലാം പ്രവർത്തിച്ചു.അതിനെല്ലാം പഴികേട്ടു.
പതിനഞ്ചാം വയസ്സിലായിരുന്നു ആദ്യ വിവാഹം. ഭർത്താവ് ഡോ.കാനിങ് വുഡ്‌ഹാൾ. മുഴുക്കുടിയൻ. അധികം നീണ്ടില്ല ആ ബന്ധം. വിവാഹമോചനം പാപമെന്ന വിക്ടോറിയൻ പാഠത്തെ വെല്ലുവിളിച്ച് വിക്ടോറിയ കാനിങുമായി പിരിഞ്ഞു. ഒരാണ്ട് കഴിഞ്ഞ്, കേണൽ ജെയിംസ് ഹാർവി ബ്ലഡിനെ ജീവിത സഖാവാക്കി. വിക്ടോറിയയിലെ പോരാളിക്ക് ഊർജ്ജം പകർന്ന കൂട്ടായിരുന്നു അത്.
വിക്ടോറിയ തുടങ്ങിയ പത്രത്തിന്റെ പേര് 'വുഡ്‌ഹാൾ ആൻഡ് ക്ളാഫ്ലിൻ വീക്‌ലി' എന്നായിരുന്നു. സ്ത്രീസ്വാതന്ത്ര്യവാദമായിരുന്നു പത്രത്തിന്റെ അ ജണ്ട. ആളുകൾ പരസ്യമായി പറയാൻ മടിച്ച വിഷയങ്ങൾ പത്രം ചർച്ച ചെയ്തു. 'കാമോദ്ദീപകമായ' കാലുകൾ മറയ്ക്കപ്പെടേണ്ടതാണെന്ന വിക്ടോറിയൻ ബോധത്തെ പത്രം വെല്ലു വിളിച്ചു. കുട്ടിപ്പാവാടയ്ക്കു വേണ്ടി വാദിച്ചു. സ്വതന്ത്രപ്രണയവും ലൈംഗിക വിദ്യാഭ്യാസവും ലേഖനങ്ങൾക്ക് വിഷയമായി. ലൈസൻസോടെയുള്ള ലൈംഗികത്തൊഴിൽ വേണമെന്നെഴുതി. ഇൻഷുറൻസ് രംഗത്തെ തട്ടിപ്പുകളും വോൾ സ്ട്രീറ്റിലെ കൊള്ളരുതായ്മകളും ചികഞ്ഞെടുത്തു.
1870 ൽ വുഡ്‌ഹാൾ ആൻഡ് ക്ളാഫ്ലിൻ വീക്‌ലിയിൽ അമേരിക്കക്കാർ ആ വാർത്ത വായിച്ചു; വിഖ്യാതനായ സുവിശേഷകൻ ഹെൻറിവാഡ് ബീച്ചറിന്റെ അവിഹിത ബന്ധത്തെ ക്കുറിച്ചുള്ള വാർത്ത. അതിന്റെ പ്രത്യാഘാതം വലുതായിരുന്നു. പ്രസിഡന്റാവാൻ മത്സരിക്കുന്ന വിക്ടോറിയയുടെ 'അവിഹിത' ബന്ധങ്ങളുടെ കഥകൾ ഉടനെ പുറത്തു വന്നു. ബീച്ചാറിന്റെ പ്രതികാരം. 'ഹാർപേഴ്‌സ് വീക്കിലിയിൽ വിക്ടോറിയ ചെകുത്താനായി. അമേരിക്കൻ കാർട്ടൂണിന്റെ പിതാവായ തോമസ് നാസ്റ്റിന്റേതായിരുന്നു വര.
![]() |
| വിക്ടോറിയയെ ചെകുത്താനായി ചിത്രീകരിച്ച കാർട്ടൂൺ |
വിക്ടോറിയ പറഞ്ഞത് ശരിയായി. സ്വപ്നത്തിൽ പോലും വിചാരിക്കാത്തവ അവരുടെ ജീവിതത്തിൽ സംഭവിച്ചു. പ്രസിഡന്റിന്റെ തിരഞ്ഞെടുക്കാൻ അമേരിക്കൻ ജനത പോളിംഗ് ബൂത്തിലേക്ക് പോയ ദിവസം വിക്ടോറിയ ജയിലിൽ കിടന്നു. അശ്ലീലം പ്രചരിപ്പിച്ചെന്നതായിരുന്നു കുറ്റം. സഹോദരി ടെന്നിസിയുമുണ്ടായിരുന്നു ഒപ്പം.
തിരഞ്ഞെടുപ്പ് കഴിഞ്ഞു. വോട്ടെണ്ണി, റിപ്പബ്ലിക്കൻ പാർട്ടിയുടെ യുളിസസ് എസ്. ഗ്രാന്റ് അമേരിക്കയുടെ പ്രസിഡന്റായി. വിക്ടോറിയയ്ക്ക് എത്ര വോട്ട് കിട്ടിയെന്ന് എണ്ണാൻ പോലും ആരും ആരും മെനക്കെട്ടില്ല. ഒരു മാസത്തെ ജയിൽ വാസം കഴിഞ്ഞ് സഹോദരിമാർ പുറത്തെത്തി. അപ്പോഴേക്കും അവർ കുറ്റക്കാരല്ലെന്ന് ബോധ്യപ്പെട്ടിരുന്നു. തോറ്റില്ല വിക്ടോറിയ. 1927 ൽ അവസാന ശ്വാസം വലിക്കും വരെ പോരാളിയായിത്തന്നെ നിന്നു.
കേണൽ ബ്ലഡുമായി പിരിഞ്ഞ അവർ ഇംഗ്ലണ്ടി ൽ കുടിയേറി. വീണ്ടും വിവാഹം കഴിച്ചു. 'ഹ്യുമാനിറ്റേറിയൻ' എന്ന പത്രം തുടങ്ങി. തന്റെ ബോധ്യങ്ങൾ അവിടെയും പ്രചരിപ്പിച്ചു.
കാലത്തിനും മുൻപേ പറന്ന പക്ഷിയായിരുന്നു അവർ. അവരുടെ ചിറകടിയൊച്ചയ്ക്കു മുമ്പിൽ, അടഞ്ഞ വാതിലുകൾ തുറന്നു. അതിലൂടെ സ്ത്രീകൾ കടന്നു വന്നു, അമേരിക്കയുടെ പ്രസിഡന്റാവാൻ. ബെൽവ ലോക് വുഡ്, ഗ്രേയ്സി അലൻ, ഷാർലിൻ മിച്ചൽ, ലിൻഡ ജെന്നെസ്, മാർഗരറ്റ് റൈറ്റ്, എലെൻ മക്കോർമാക്, സോണിയ ജോൺസൺ .....ആ നിരയിലേക്ക് ഇതാ ഹിലരി ക്ലിന്റണും. വിക്ടോറിയയുടെ സ്വപ്നത്തിലേക്കുള്ള അകലം ഇനി ഒരുപടി മാത്രം.




