ഓർമ്മകൾ ഒരു വൃശ്ചികക്കാറ്റ് പോലെ എന്നെ തലോടുന്ന ശീതമായ സുഖത്തിൽ മുങ്ങുമ്പോൾ ഇന്നെനിക്ക് തരുവാനുള്ളത്, എന്റെ കണ്ണിൽ നിന്നും പൊഴിയുന്ന ഈ കണ്ണീരും, ഒരു പിടി ചെമ്പനീർപ്പൂക്കളും മാത്രം... ഇനിയും മരിച്ചിട്ടില്ലാത്ത ആഗ്രഹങ്ങളും, മനസ്സിൽ ഒളിപ്പിച്ചു വെച്ച,
അവശേഷിച്ച അല്പം പ്രതീക്ഷകളുടെ പൂമൊട്ടുകളുമായി ഒരു മടക്കയാത്ര! മനസ്സിന്റെ വാതിലുകൾ മലർക്കെ തുറന്നിടാം... നിനക്കായ്... നിനക്കായ് മാത്രം
ഉണ്ണിമായ എന്റെ കളിക്കൂട്ടുകാരിയായിരുന്നു. ഞങ്ങളുടെ സ്‌കൂളിൽ ട്രാൻസ്ഫറായി വന്ന അരുന്ധതി ടീച്ചറുടെ മൂത്തമകൾ. യു.കെ.ജി വിദ്യാർത്ഥിനി. മൂന്നു വയസ്സുകാരി ഹരിപ്രിയയുടെ ചേച്ചി. അയൽക്കാർ ആയിരുന്നത് കൊണ്ടോ, എന്നും ഒരുമിച്ചു സ്‌കൂളിൽ പോയിരുന്നത് കൊണ്ടോ , എന്തോ ഞങ്ങൾ പെട്ടെന്നു തന്നെ അടുത്ത കൂട്ടുകാരായി. ഞാൻ, ശ്യാം, തൻസീം , കിരൺ, സൂര്യ, ഗൗരി- ഈ ചങ്ങാതിക്കൂട്ടത്തിലേക്ക് ഒരാൾ കൂടി-ഉണ്ണിമായ.
കളിചിരിതമാശകളും, കുസൃതികളും, ചില്ലറ അടിപിടികളും, സൗന്ദര്യപ്പിണക്കങ്ങളുമായി ദിനങ്ങൾ കൊഴിഞ്ഞു പോയി.
ഓർമ്മയിൽ നിന്നും മായാതെ ആ നല്ല ദിനങ്ങൾ...
ആകാശമേഘങ്ങൾ മഴ വർഷിച്ച ഒരു നാലുമണി നേരത്ത് കുടയെടുക്കാൻ മറന്ന കുട്ടികൾക്കിടയിൽ വരാന്തയിൽ അവൾ നിന്നതും, ബാഗിനുള്ളിൽ അമ്മ കരുതി വെച്ച കുട ഞാൻ നിവർത്തിയപ്പോൾ ഓടി വന്ന് അതിൽ കയറിയതും... പിന്നെ ചെളി തെറിപ്പിക്കാതെ, കാലു തെറ്റാതെ ഞങ്ങൾ രണ്ടുപേരും വീട്ടിലേക്ക് നടന്നതും... എത്രയെത്ര ഓർമ്മകൾ... അങ്ങനെ ഒരു വർഷം കടന്നു പോയി. അടുത്ത ജോൺ 4-ന് സ്‌കൂള് തുറന്നു. ഞാൻ രണ്ടിലേക്കും ഉണ്ണിമായ ഒന്നിലേക്കും ജയിച്ചു. എന്തോ നിസ്സാരകാര്യത്തിന് ഞാനും ഉണ്ണിമായയും അന്ന് രാവിലെ പിണങ്ങി. "മായക്കുട്ടിയോട് ഞാനിനി മിണ്ടൂലാ". ഞാൻ കൂട്ടുവെട്ടി മുഖം മുഖം വീർപ്പിച്ചു നടന്നു. "ടാ കണ്ണാ നീയെന്നോട് പിണങ്ങല്ലേടാ". അവൾ പുറകെ ഓടി വന്നു. ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല.
വൈകുന്നേരം സ്‌കൂൾ വിട്ട ശേഷം ഞങ്ങൾ പതിവ് പോലെ വീട്ടിലേക്ക് മടങ്ങി. ഞാനും, ഉണ്ണിമായയും, സൂര്യയും. സൂര്യയുടെ വീട് കഴിഞ്ഞ് ഒരു വയലിന്റെ അപ്പുറത്താണ് എന്റെയും ഉണ്ണിമായയുടേയും വീട്. പതിവ് പോലെ സൂര്യ യാത്രപറഞ്ഞു പിരിഞ്ഞു. ഞാനും ഉണ്ണിമായയും മാത്രം അവശേഷിച്ചു, മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു. കുടയും ചൂടി ഞങ്ങൾ വയൽവരമ്പിലൂടെ നടക്കുകയാണ്. ഞാൻ മുന്നിലും, ഉണ്ണിമായ പിന്നിലും. "ടാ, ഇപ്പോഴും പിണക്കമാണോ കണ്ണാ?" അവളുടെ ചോദ്യം, ഞാനൊന്നും മിണ്ടിയില്ല. "നിന്റെ പിണക്കം മാറ്റാൻ ഞാനെന്താ ചെയ്യണ്ടേ?" ഈറൻ മിഴികളോടെ അവളെന്റെ കയ്യിൽ പിടിച്ചു ചോദിച്ചു. ഞാൻ നിന്നു.
കൊയ്ത്തിനു ശേഷം നിലമൊരുക്കാനായി വയലിൽ വെള്ളം കയറ്റിയിട്ടിരിക്കുന്നു. കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ആമ്പൽപ്പൂ ക്കൾ. "എനിക്കൊരു ആമ്പൽപ്പൂവ് പറിച്ചുതന്നാൽ മതി" ഞാൻ പറഞ്ഞു. ഉണ്ണിമായ തോളിൽ കിടന്ന ബാഗ് താഴെ വച്ചു. വരമ്പിൽ ഇരുന്നു കാൽ നീട്ടി ഒരു ആമ്പൽപ്പൂവ് അടുപ്പിച്ചെടുത്ത് പൊട്ടിച്ച് എനിക്കു തന്നു. "ഇനിയും വേണോ?" പുഞ്ചിരി തൂകുന്ന മുഖവുമായി അവളുടെ ചോദ്യം. ഞാൻ തലയാട്ടി. അവൾ അടുത്ത ആമ്പൽപ്പൂവിലേക്ക് കൈനീട്ടി...
"എന്താ കണ്ണാ ഇവിടെ തനിയെ നിക്കണത്? മായക്കുട്ടി എവിടെ?" സൂര്യയുടെ അച്ഛനാണ്. ഞാൻ തിരിഞ്ഞു നോക്കി. ഉണ്ണിമായ ഇരുന്നിടം ശൂന്യം! അവളുടെ കുട ജലനിരപ്പിൽ പൊന്തിക്കിടക്കുന്നു. സൂര്യയുടെ അച്ഛനു കാര്യം മനസ്സിലായി. അദ്ദേഹം വയലിലേക്ക് ചാടിയിറങ്ങി ആ കുടയെടുത്തു മാറ്റി. അവിടെ ഉണ്ണിമായ തലയിൽ കെട്ടിയിരുന്ന നീല റിബൺ... ഞാൻ വാവിട്ടു കരഞ്ഞു.
ചേറിൽ പുതഞ്ഞുപോയ ഉണ്ണിമായയുടെ ശരീരം സൂര്യയുടെ അച്ഛൻ എടുത്തുയർത്തിക്കൊണ്ടുവന്നു. അപ്പോഴേക്കും പുഞ്ചിരി തൂകിയിരുന്ന ആ കുഞ്ഞു മാലാഖയിൽ നിന്നും ജീവൻ ചിറകടിച്ചു പോയിരുന്നു. ഇല്ല! ഇനി അവൾ വരില്ല, വിളിക്കില്ല, ഒരു ചെറുപരിഭവം പോലും പറയില്ല! പിണക്കങ്ങളില്ലാത്ത ലോകത്തിലേക്ക് എന്റെ ഉണ്ണിമായ യാത്രയായി. അപ്പോഴും അവളുടെ കയ്യിൽ, നെഞ്ചോടടുക്കി ചേർത്ത് ഒരാമ്പൽപ്പൂവ് ഉണ്ടായിരുന്നു... എനിക്കു വേണ്ടി....
കൂട്ടുകാരീ എത്രയിണങ്ങി നാം എത്ര പിണങ്ങി നാം
ഈ കൊച്ചുജീവിതവേളകളിൽ
എത്രായിണങ്ങണം എത്ര പിണങ്ങണം
ഇനിയും വരാത്ത ജീവിതത്തിൽ ....
