എന്റെ വീടിന്റെ പിന്നിലായി ഒരു വമ്പൻ ആഞ്ഞിലി മരമുണ്ടായിരുന്നു. അത് എന്റെ മുതുമുത്തച്ഛനേക്കാൾ പ്രായക്കൂടുതലുള്ള, പക്വതയുള്ള, ശക്തനും ശാന്തനുമായിരുന്നു.
എന്നാൽ അതിനെ ഞങ്ങൾ എല്ലാവരും കൂട്ടത്തോടെ ഭയപ്പെടാൻ തുടങ്ങിയത് ഒര് തുലാമാസ രാത്രിയിലായിരുന്നു. ശക്തിയായി വീശിയടിച്ച കാറ്റിൽ, അതിന്റെ ഒരു കൊച്ചുശിഖരം ഞങ്ങളുടെ വീടിനു മുകളിൽ വന്നു പതിച്ചു. അതോടെ മഴയും കാറ്റുമുള്ള രാത്രികളിൽ അമ്മയുടെ ഉറക്കം നഷ്ടപ്പെട്ടു തുടങ്ങി.
ആഞ്ഞിലിമരം മുറിച്ചു മാറ്റാൻ പിന്നിലെ സ്ഥലത്തിന്റെ ഉടമയോടാവശ്യപ്പെട്ടു. അയാൾ അത് പാതി മനസ്സോടെ സമ്മതിച്ചു. അതിനു ശേഷമാണ് ഞാൻ അതിനെ സ്നേഹിച്ചു തുടങ്ങിയത്. തടിക്ക് വില പറഞ്ഞു പിശകി. പിന്നെയും ആഞ്ഞിലിയുടെ ആയുസ്സ് ഒരു വേനൽക്കാലം കൂടി താണ്ടി. അപ്പോഴേക്കും ഞങ്ങൾ പരസ്പരം മനസ്സിലുള്ളത് മുഴുവൻ പങ്ക് വെച്ചു.
എന്നും ഞാൻ ആഞ്ഞിലിച്ചുവട്ടിൽ പോകും. ചിലപ്പോഴൊക്കെ നിലത്ത് വീണ് ചതഞ്ഞ ഒരു ആഞ്ഞിലിവിള എനിക്കായ് കരുതിയിട്ടുണ്ടാവും .
അതു ഭക്ഷിച്ച് കൊണ്ട് ഞാനതിനെ നോക്കിയിരിക്കുമ്പോൾ അതിന്റെ എണ്ണപ്പെട്ട ആയുസ്സിനെയോർത്ത് അത് കണ്ണീർ പൊഴിക്കുന്നതായ് എനിക്ക് തോന്നും. പക്ഷെ, ഞാൻ നിസ്സഹായയായിരുന്നു .എങ്കിലും ആഞ്ഞിലിക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു.
എന്നിട്ടും അധികം താമസിയാതെ വിലയുറപ്പിച്ചു. മരം വെട്ടാൻ ആളുകൾ രംഗത്തെത്തി. "വീടിന് പരിക്കില്ലാതെ വെട്ടണം". അതിവിദഗ്ദരായ മരം വീട്ടുകാർ തന്നെ വേണം. വീണ്ടും കുറച്ചു നാൾ കൂടി ആഞ്ഞിലിയുടെ ആയുസ്സ് നീണ്ടു.
അപ്പോഴും ഞാൻ അതിനെ നോക്കി പ്രാർത്ഥിച്ചു കൊണ്ടിരുന്നു .ആഞ്ഞിലിയാകട്ടെ എന്നെ നോക്കി കണ്ണീർ പൊഴിക്കുന്നുണ്ടായിരുന്നു. കാരണം അതിന്റെ ഭാഷ എന്റെ മനസ്സിനു മാത്രമേ മനസ്സിലാവുമായിരുന്നുള്ളൂ. അതെന്നോട് പറഞ്ഞു "ഇല്ല ഞാനൊരിക്കലും നിങ്ങളെ ചതിക്കില്ല. വർഷങ്ങൾ തപം ചെയ്ത് വേനലും മഴയും താണ്ടി ഈ മണ്ണിന്റെ അഗാധതയിലേക്ക് ഞാൻ എന്റെ അടിവേരുകൾ പായിച്ചിരിക്കുന്നു. ഇല്ല ഈ മണ്ണെന്നെ കൈവിടില്ല. ഞാനും ഈ മണ്ണും ഒരിക്കലും ഞങ്ങളുടെ മക്കളെ വേദനിപ്പിക്കില്ല. പകരം സ്നേഹിക്കുകയേ ഉള്ളൂ, അതുപോലെ നിങ്ങളും ഞങ്ങളോട് അൽപ്പം കരുണ കാണിക്കണം."
ഇതെല്ലാം ഈ കടലാസിനോടല്ലാതെ മറ്റാരോടും പറഞ്ഞു ഫലിപ്പിക്കാൻ എനിക്കു കഴിയാതെ പോയി. അങ്ങനെ ആഞ്ഞിലിമരത്തിന്റെ അന്ത്യദിനം വന്നെത്തി. ഞാൻ കണ്ണീരോടെ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ആഞ്ഞിലിമരത്തിന് വേദനിക്കരുതെന്ന്.
ശക്തിയും ബുദ്ധിയും ഉള്ള ആറോളം മല്ലന്മാരും ആയുധങ്ങളും എട്ടു മണിക്കൂർ സമയത്തെ പരിശ്രമവും വേണ്ടി വന്നു അതിനെ ഇല്ലാതാക്കാൻ. അവസാനം വർഷങ്ങളോളം അയൽക്കാരായി കഴിഞ്ഞിരുന്ന, കാറ്റിലും മഴയിലും മഞ്ഞിലും ഒപ്പം ഉണ്ട് ഉറങ്ങി ജീവിച്ചിരുന്ന, അതിന്റെ ഉറ്റ സുഹൃത്തായിരുന്ന തെങ്ങിന്റെ ശരീരത്തിൽ മുട്ടിയുരുമ്മി, ആ ആഞ്ഞിലിമരം അതിന്റെ അന്ത്യശാസം വലിച്ചു.
ഇന്നും അവളുടെ കൊച്ചുമക്കൾ എന്റെ വീടിന്റെ പിന്നാമ്പുറങ്ങളിൽ തല പൊക്കിനിൽപ്പുണ്ട്.കാലത്തിന്റെ കിരാത കൈകൾ അവരെയെങ്കിലും വെറുതെ വിട്ടിരുന്നെങ്കിൽ...
