ഭാഗ്യം


അപരിചിതത്വത്തിൽ നിന്നാണ് സഞ്ചാരം ആരംഭിക്കുക

പരിചിതത്വത്തിലേക്കോ
സൗഹൃദത്തിലേക്കോ
അഭിനിവേശത്തിലേക്കോ
ആകർഷണത്തിലേക്കോ
ആവാം ആ സഞ്ചാരം

അവിടെ നിന്നും സഞ്ചരിക്കുക 
പ്രണയത്തിലേക്കാവാം  
തിരിച്ചു പോക്ക് അസാധ്യമാണ്!

അറിയുക
പരിചിതത്വം മറ്റൊരു ലോകമാണ്
അവിടെ നിന്നും അപരിചിതത്വത്തിലേക്ക്
ചൂണ്ടു പലകകൾ ഉണ്ടാവില്ല

ചൂണ്ടു പലകകൾ മുന്നോട്ട് മാത്രം ചൂണ്ടി നിൽക്കും
ചൂണ്ടു പലകകൾ കാണാതെ പോകുന്നവർ
അവർ വഴി തെറ്റുക പതിവാണ്

അപരിചിതത്വത്തിനും പരിചിതത്വത്തിനുമിടയ്ക്ക്
വഴി തെറ്റി അലയുന്നവർ
അവർ ഭാഗ്യഹീനർ

ചൂണ്ടു പലകകൾ കാണാനുള്ള കാഴ്ച
ആ കാഴ്ചയാണ് ഭാഗ്യം