ഹൃദയപൂർവ്വം ബ്രസീൽ...

എന്തു കൊണ്ടാണ് ബ്രസീൽ ഇത്രമേൽ ഫുട്‌ബോളുമായി ഇഴ ചേർന്നിരിക്കുന്നതെന്ന കൗതുകത്തിന് സാവോ പോളോക്കാരിയായ സുഹൃത്ത് ഗ്ലിസിയ ഡിസൂസ നൽകിയ മറുപടി ഇതായിരുന്നു.
"ഫുട്‌ബോളിനെ സ്നേഹിക്കാൻ വേണ്ടിയാണ് ഞങ്ങൾ ജനിച്ചത് തന്നെ".


പിന്നീടൊരിക്കൽ ബ്രസീലുകാരനായ ഐ ലീഗ് താരം ബെറ്റോയും പറഞ്ഞത് മറ്റൊന്നായിരുന്നില്ല. പിറന്നു വീഴുന്ന ഓരോ കുഞ്ഞിനും ഞങ്ങൾ നൽകുന്ന ആദ്യ സമ്മാനം ഫുട്‌ബോൾ ജെഴ്‌സിയാണ്. ബ്രസീലുകാരന്റെ ഫുട്‌ബോൾ പ്രണയം പറഞ്ഞറിയിക്കാൻ ആവില്ലെന്ന് ബെറ്റോ.  അതറിയണമെങ്കിൽ ബ്രസീലിൽ ജനിക്കുക തന്നെ വേണമത്രേ. നാമെത്ര നിർഭാഗ്യവാന്മാർ.


അതെ ഫുട്‌ബോളിന് വേണ്ടി പിറവിയെടുക്കുന്ന ബ്രസീലുകാരുടെ മനസ്സുകളിലേക്കാണ് ഇനി നാം യാത്ര ചെയ്യുന്നത്....നമുക്കറിയാത്ത, വാക്കുകളിലൊതുങ്ങാത്ത, കളി പ്രേമത്തിന്റെ നാട്ടിലേക്ക്....
അതറിയാൻ ഫുട്‌ബോൾ ഭൂപടത്തിന്റെ ഇങ്ങേ അറ്റത്തുള്ള ഇന്ത്യൻ മനസ്സിനാവുമോ? വലിയ താരങ്ങളെ ടീവിയിൽ മാത്രം കണ്ടു ശീലിച്ച നമ്മുടെ അറിവിന് അതുൾക്കൊള്ളാനാവുമോ? അറിയില്ല. 64  വർഷങ്ങൾക്ക്  ശേഷം  ലോകകപ്പിന് ബ്രസീൽ ആതിഥേയരാവുമ്പോൾ....അതു ഫുട്‌ബോളിന്റെ വീട്ടിലേക്കുള്ള മടങ്ങി വരവാണ്.


ഫുട്‌ബോൾ ബ്രിട്ടീഷുകാരിൽ നിന്നാണ് അവർ കടം കൊണ്ടത്. ഇന്നത് ബ്രസീലിന്റെ ചിഹ്നമാണ്. അഞ്ചു തവണ ലോകകപ്പ് നേടിയ, എല്ലാ ലോകകപ്പുകളും കളിച്ച ഒരേയൊരു ടീം. നേടിയ അഞ്ചു കിരീടങ്ങൾ മാത്രമല്ല ബ്രസീലിനെ ഫുട്‌ബോളിന്റെ തറവാട്ടുകാരാക്കുന്നത്. മറ്റ് പതിനഞ്ച് തവണ കിരീടം കൈവിട്ടപ്പോളുള്ള അപരിഹാര്യമായ വേദന കൊണ്ടു കൂടിയാണ്.


ഫുട്‌ബോൾ ബ്രസീലുകാർക്ക് ജീവിതത്തോളം മനോഹരമായ ഒന്നാണ്. ബ്രസീൽ തിന്നുന്നതും, കുടിക്കുന്നതും, ഉറങ്ങുന്നതും ഫുട്‌ബോളാണ്. ഫുട്‌ബോളിലാണ് ബ്രസീൽ ജീവിക്കുന്നത് എന്നു പറഞ്ഞത് പേലെയാണ്. ബ്രസീലിനെ കുറിച്ചോർക്കുമ്പോൾ, നാം ഫുട്‌ബോളിനെ കുറിച്ചാണ് ഓർക്കുന്നത്, മറിച്ചും അങ്ങനെ തന്നെ. ഫുട്‌ബോളിനെ കുറിച്ചുള്ള ഒരോർമ്മയും ബ്രസീലില്ലാതെ പൂർത്തിയാവില്ല. ഗാരിയഞ്ചയും, ദിദിയും, പെലെയും, റൊണാൾഡിന്യോവും, റൊണാൾഡോയും ഒക്കെ അയൽക്കാരേക്കാളും നമുക്ക് സുപരിചിതരാണ്.


കാലം മായ്ക്കാത്ത മുറിവില്ല. എന്നാൽ കാലത്തിനും മായ്ക്കാനാവാത്ത മുറിവായി ബ്രസീലിനു ശേഷിക്കുന്നത് ഫുട്‌ബോളിലെ ഒരു തോൽവിയാണ്. തോൽവി നേരിൽ കണ്ടവർക്കും, പിന്നീടു പിറന്ന തലമുറകൾക്കും അതൊരു വേദനയായി തുടരുന്നു. 1950 ൽ മാരക്കാന മൈതാനത്ത് ഉറുഗ്വെയോട് ഏറ്റ തോൽവി ആ രാജ്യത്തെ ഇന്നും നീറ്റുന്നു. ആദ്യം ലഭിക്കുന്നത് ഫുട്‌ബോൾ ജെഴ്‌സിയാണെങ്കിൽ, ഒരു കുഞ്ഞ് ആദ്യം കേൾക്കുന്ന  കഥകളിലൊന്ന് മാരക്കാനയിലെ തോൽവിയെ കുറിച്ചാണെന്നും ബെറ്റോ പറയുന്നു.


ആ മുറിവുണക്കാനാണ് ലോകകപ്പ് വീണ്ടും ബ്രസീലിലെത്തുന്നത്. മറ്റു പലരും  ബ്രസീലും അർജന്റീനയും തമ്മിലുള്ള സ്വപ്ന ഫൈനലിന് കാത്തിരിക്കുമ്പോൾ, ബ്രസീലുകാർ മാരക്കാനയിൽ ഉറുഗ്വേയെ കിട്ടണം എന്നാണ് ആഗ്രഹിക്കുന്നത്. മാരക്കാനയ്ക്ക് ശേഷം ഉറുഗ്വേ ഒരു ലോകകപ്പിന്റെയും ഫൈനലിൽ വന്നിട്ടില്ല. 1983 ൽ മാരക്കാനയിൽ ഉറുഗ്വേയെ തോൽപ്പിച്ച് കോപ്പ അമേരിക്ക ബ്രസീൽ സ്വന്തമാക്കിയെങ്കിലും, അത്  പഴയ മുറിവിന് ആശ്വാസം പകർന്നില്ല. ആറു പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പാണ് ബ്രസീലിന്റേത്. അത് ഇതവണത്തേക്ക്  വേണ്ടിയാണെന്ന് ബ്രസീലുകാർ വിശ്വസിക്കുന്നു.


 മാരക്കാനയിൽ ബ്രസീലിനെ വീഴ്ത്തിയ ഉറുഗ്വേക്കാരൻ അൽസിഡിസ് ഗിഗിയയുടെ ഗോൾ, ബ്രസീൽ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ  ഗോളായി ഇന്നും നില നിൽക്കുന്നു. പെലെ  സ്‌കോർ ചെയ്ത 1283 ഗോളുകൾക്കും മീതെയാണ് അതിന് ബ്രസീലുകാർ കല്പിച്ചു കൊടുത്തിരിക്കുന്ന സ്ഥാനം.


 അതിജീവനത്തിന് ബ്രസീൽ തിരഞ്ഞെടുത്ത വഴിയാണ് ഫുട്‌ബോൾ. അധികാര വർഗ്ഗമായിരുന്ന ബ്രിട്ടീഷുകാർക്ക് വേണ്ടിയാണ് കളി ബ്രസീലിലെത്തിയത്. പതുക്കെ അത്, അതിന്റെ  യഥാർത്ഥ അവകാശികളെ തേടിപ്പോയി. നിറവും വർഗ്ഗവും ഫുട്‌ബോളിന് മുന്നിൽ തല കുനിച്ചു. കറുത്തവരെ അകറ്റി നിർത്തിയിരുന്ന ഭൂമികയിൽ ബ്രസീലിലെ മണ്ണിന്റെ മക്കൾ അധീശത്വമുറപ്പിച്ചു. ലിയോണിഡാസും, ഡിപ്രോട്ടാസും, ദിദിയും,  പെലെയും ഗാരിഞ്ചയുമൊക്കെ ബ്രസീലിൽ നിന്ന് ലോകത്തിൽ അവതരിച്ചു.


 ഫുട്‌ബോൾ ഏറ്റവും മനോഹരമായ കലാരൂപമാകുന്നത് അതു ബ്രസീലുകാർ കളിക്കുമ്പോഴാണ്. കളിയിലെ ഇതിഹാസങ്ങൾ അവിടെ നിന്ന് പിറവിയെടുത്തു കൊണ്ടേയിരിക്കുന്നു. ബ്രസീലുകാർ ഫുട്‌ബോളിനെ ജീവിതം കൊണ്ടു നിർവ്വചിച്ചു. അവർക്കു കളി അടർത്തി മാറ്റാനാവാത്ത ഒന്നായി. എവിടെയും ഫുട്‌ബോളിനെ അനുകരിക്കാൻ അവർ ശീലിച്ചു. ബ്രസീലുകാർ ഫുട്‌ബോളിനെ നൃത്തത്തെ പോലെയാണ് കണ്ടത്. അവർക്കത് അത്രമേൽ വഴങ്ങുന്ന ഒന്നായി.


എന്തിനുമേതിനും ഫുട്‌ബോൾ ഭംഗി നൽകുന്ന ബ്രസീലിന്റെ മണ്ണിലേക്ക് കളിയെത്തുമ്പോൾ അവിടെ ആരാകും അന്തിമ ജേതാക്കൾ ആവുക..? അതു ബ്രസീലല്ലെങ്കിൽ, വലിയൊരു ദുരന്തമായി മാറും. ബ്രസീൽ കലാപത്തിലേക്ക് തിരിച്ചു പോകും. വരുന്ന പൊതു തിരഞ്ഞെടുപ്പിൽ ലോകകപ്പിലെ തോൽവി ഭരണവിരുദ്ധ വികാരം കൂട്ടുമെന്ന് പ്രസിഡന്റ് ദിൽമ റൂസേഫ് പോലും ഭയക്കുന്നു.


 പക്ഷെ ഏതു യുദ്ധത്തിലുമെന്ന പോലെ കളിയിലും ഒരു ജേതാവുണ്ടായേ പറ്റൂ. ഒരേയൊരു ജേതാവ് .ലോകത്തെ ഫുഡ്ബോള് കൊണ്ട് അരിച്ചെടുത്ത് 32 രാജ്യങ്ങളിലേക്ക് കാച്ചിക്കുറുക്കിയാണ്  ലോകകപ്പ് എത്തുന്നത്. 32  പേരും ജേതാവാകാൻ യോഗ്യർ. പക്ഷെ അവിടെയും ഒരാൾക്കേ കിരീടമുയർത്താൻ അവകാശമുള്ളൂ. അതാർക്ക് എന്നതാണ് ലോകത്തെ കീഴ്മേൽ മറിക്കുന്ന ചോദ്യം.


 ഓരോ തവണയും ഒന്നിലേറെ ടീമുകൾ ഫേവറൈറ്റ് ടാഗുകെട്ടി ലോകകപ്പിനെത്തും. ചിലർ പ്രതീക്ഷ കാക്കും. ഈ പട്ടികയിലൊന്നുമില്ലാതിരിക്കെ, ചിലർ കണക്കുകൾ തെറ്റിച്ച് മുന്നോട്ട് കയറി  വരും.


കണക്കുകൂട്ടലുകളുടെ കളിയാണ് ഫുട്‌ബോൾ. അതെല്ലാം പിഴക്കുന്ന ചില നിമിഷങ്ങളുണ്ടാവും. ലോകകപ്പിലുടനീളം അത്തരം നിമിഷങ്ങളുണ്ട്.
 എത്ര പരിശീലിച്ചാലും എത്ര ഗൃഹപാഠം ചെയ്താലും ഈ നിമിഷങ്ങളെ അതിജീവിക്കാനാവില്ല. ജേതാക്കളേയും പരാജിതരേയും നിർണ്ണയിക്കുന്നത് അത്തരം നിമിഷങ്ങളാണ്.എല്ലാം തികഞ്ഞുവെന്നു കരുതുന്നവർക്കും വഴിപ്പെടാതെ നിൽക്കുന്നുവെന്നതാണ് ലോകകപ്പിന്റെ മഹത്വം.


ലാറ്റിനമേരിക്കയിൽ നിന്ന് എല്ലാം കടത്തിയവരാണ് യൂറോപ്പുകാർ. സ്പെയ്നും, ബ്രിട്ടണും, പോർച്ചുഗലും, ഇറ്റലിയും ഒക്കെ അധിനിവേശത്തിലൂടെ ലാറ്റിനമേരിക്കയുടെ ഉയിരു കവർന്നവരാണ്. എന്നാൽ യൂറോപ്പുകാർക്ക് ലാറ്റിനമേരിക്കയിൽ നിന്ന് സ്വന്തമായിട്ടില്ലാത്തത് ഒന്നേയുള്ളൂ. അത്  ലോകകപ്പാണ്.


സ്പെയ്നും, ജർമ്മനിയും ഒക്കെ ലോകകപ്പിലേക്ക് കണ്ണ് വെക്കുമ്പോൾ, ഈ ചരിത്രം കൂടി അവർക്കെതിരെ പന്തു തട്ടുന്നു.....