മൂന്നു വയസ്സ് മുതൽ സരസ്വതിവീണ പഠിച്ചു തുടങ്ങി. സുന്ദരം ബാലചന്ദറും, പത്മാവതി അനന്തഗോപാലനുമായിരുന്നു ഗുരുക്കന്മാർ. അതോടൊപ്പം ഇംഗ്ലീഷ് സാഹിത്യത്തിലും സംഗീതത്തിലും ബിരുദാനന്തര ബിരുദം നേടി. വീണയിലെ വിവിധ ധാരകളെക്കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ്...
വയലിനിലെ ഗണേഷ്-കുമരേഷ് സഖ്യത്തിലെ കുമരേഷിന്റെ ജീവിതസഖിയുമായതോടെ വീട്ടിൽ വീണയുടെയും വയലിനിന്റെയും ജുഗൽബന്ദി.... അധികമാരുമറിയാതെ കോഴിക്കോട് തളി അഗ്രഹാരത്തിൽ ഒരു കൊച്ചു വീട്ടിൽ ഒരു സൗഹൃദസദസ്സിനു മുന്നിൽ കച്ചേരി അവതരിപ്പിക്കാൻ ഹോങ്കോങ്ങിൽ നിന്നും പറന്നെത്തിയപ്പോഴായിരുന്നു ഈ സംഭാഷണം .
?ജനിച്ചു വളർന്ന ചുറ്റുപാടുകൾ താങ്കളെ സംഗീതത്തിലെത്തിക്കാൻ സഹായിച്ചിട്ടുണ്ടല്ലോ ....
ഇതര കലാരൂപങ്ങളേക്കാൾ സംഗീതത്തിലാണ് ജനനവും ചുറ്റുപാടുകളും ഏറെ സ്വാധീനിക്കുന്നത് .എനിക്കത് സ്വാനുഭവമാണ് .എന്റെ രക്തത്തിൽ ഭാഷ കലരും മുൻപേ സംഗീതം കലർന്നിരുന്നു .ആറ് തലമുറകളിലായി സംഗീതം മാത്രമാണ് ഞങ്ങളുടെ കുടുംബത്തിന്റെ ഉപാസനാമൂർത്തി . തലമുറയാണ് .ജനിക്കും മുമ്പേ ഞാൻ പാട്ട് കേട്ട് തുടങ്ങി .ജനിച്ചപ്പോൾ കൂടുതൽ പഠിച്ചു .
?ആത്മീയതയും ഭക്തിയും എങ്ങനെയാണ് സംഗീതത്തിൽ പ്രവർത്തിക്കുന്നത്...
ആത്മീയത ജീവിതത്തിന് വെളിച്ചം പകരും .ആത്മീയത എന്നത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ആരാധനാലയങ്ങളിൽ നടക്കുന്ന ബഹളങ്ങളല്ല. ഭക്തി എന്നതും സംഗീതത്തിന്റെ കാര്യത്തിൽ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടതല്ല. ഭക്തി എന്നാൽ സമർപ്പണമാണ്. ഡിവോഷൻ എന്നാൽ ഡെഡിക്കേഷൻ തന്നെ.
?എല്ലാ സംഗീത ഉപകരണങ്ങൾക്കും ഒരു ചരിത്രമുണ്ട് .സരസ്വതി വീണയുടെ ചരിത്രം എന്താണ് ...
ഇന്ത്യയുടെ ദേശീയ സംഗീതോപകരണമാണ് സരസ്വതീ വീണ. എത്ര പേർക്ക് ഇതറിയും എന്നറിയില്ല .വേദകാലത്തിനുമപ്പുറത്തെവിടെയോ ആണ് ഇതിന്റെ ഉത്ഭവം. സാമവേദത്തിൽ പരാമർശമുണ്ട്. മുമ്പ് വായിക്കുന്നതെന്തും വീണയായിരുന്നു. വയലിൻ ധനുർവീണയാണ്, സന്തൂർ ശതതന്ത്രിവീണ, വായ്പ്പാട്ട് ഗാത്രവീണ.... എല്ലാം വീണകൾ തന്നെ! ഈ സരസ്വതീ വീണ നിർമിച്ചിരിക്കുന്നത് മനുഷ്യശരീരത്തിന്റെയും ജീവിതത്തിന്റെയും ഘടനയിലാണ്. നട്ടെല്ലും നിതംബവുമെല്ലാമുണ്ട്. നാല് തന്ത്രികൾ നാല് വേദങ്ങളാണ്. മൂന്നു തന്ത്രികൾ ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി എന്നിവ. ഇത് കൊണ്ടൊക്കെയാണ് വാദനത്തിന്റെ ഉന്നതങ്ങളിലെത്തുമ്പോൾ കുണ്ഡലീനി ശക്തി ഉണരുന്നു എന്ന് പറയുന്നത്.
?പാശ്ചാത്യവും ഭാരതീയതുമായ സംഗീതം എങ്ങനെയാണ് വേർതിരിഞ്ഞിരിക്കുന്നത് ...
പാശ്ചാത്യ സംഗീതത്തിൽ മനോധർമ്മത്തിനോ വിസ്താരങ്ങൾക്കോ ഇടമില്ല. ബീഥോവൻ ഒക്കെ എന്താണോ ചെയ്തു വച്ചത് അത് അങ്ങനെ തന്നെ പാടുകയാണ് മറ്റുള്ളവരും ചെയ്യുന്നത്. എന്നാൽ നമ്മുടേത് അതല്ല. ഗായകന്/ വാദകന് ഇമ്പ്രൊവൈസ് ചെയ്യാൻ ഒരുപാട് ഇടമുണ്ട്.
?കേരളത്തിൽ എണ്ണമറ്റ കുട്ടികൾ സംഗീത വഴിയിലേക്ക് വരുന്നുണ്ട് .അവരുടെ രക്ഷിതാക്കൾക്കുള്ള ഉപദേശം ...
ബോധത്തിലേതിനേക്കാൾ അബോധത്തിലാണ് സംഗീതം പ്രവർത്തിക്കുക .അതുകൊണ്ട് ഗർഭത്തിൽ ഉള്ളത് മുതൽ കുട്ടികളെ സങ്കേതം കേൾപ്പിക്കണം .അത് അവരെ പാട്ടുകാരാക്കി സമ്മാനങ്ങൾ വാങ്ങാൻ വേണ്ടിയല്ല .ജീവനിൽ സംഗീതം കലരാൻ .ഉറങ്ങുമ്പോൾ നല്ല സംഗീതം വെച്ച് കൊടുക്കുക . നല്ല സംഗീത പരിപാടികൾക്ക് കൊണ്ട് പോവുക . ആ ലോകം അവരുടെ ഭാഗമാകട്ടെ .പഠിപ്പിക്കാൻ തുടങ്ങുമ്പോൾ പറയുക :സംഗീതത്തിൽ എന്തെങ്കിലും ആകാൻ വേണ്ടി നീ സമർപ്പിക്കേണ്ടത് സ്വന്തം ജീവിതം തന്നെയാണ് എന്ന്.
? 'പാരലൽ സ്ട്രിംഗ് ' എന്ന ആശയം തങ്ങളുടേതാണ് എന്താണ് അത് ..
ഞാനും പിയാനോ വാദകൻ അനിൽ ശ്രീനിവാസനും കൂടി ചെയ്ത ഒരു പരീക്ഷണമാണത് .ബ്രിട്ടനിൽ വെച്ചാണ് അങ്ങനെയൊരാശയം ലഭിച്ചത് .പിയാനോ അത്ഭുതകരമായ പടിഞ്ഞാറൻ സംഗീതോപകരണമാണ് . അവരുടെ സരസ്വതി പിയാനോ ആകും വായിക്കുന്നത് ! വീണയും പിയാനോയും ഒന്നിച്ചു ജുഗൽബന്ദി യായി വായിച്ചാൽ എങ്ങനെയിരിക്കും എന്ന ആശയം ബ്രിട്ടനിൽ ഒരു ഗ്രീൻ റൂമിലിരിക്കുമ്പോൾ ആണ് തോന്നിയത് .ഡൽഹിയിൽ വെച്ച് അങ്ങനെ ചെയ്തപ്പോൾ ഒരുപാട് കാലം മുമ്പ് വിട്ടു പിരിഞ്ഞ രണ്ട് സുഹൃത്തുക്കൾ പഴയ കാലം ഓർക്കുന്നത് പോലെയാണ് തോന്നിയത്.
?ഒരു വീട്ടിൽ രണ്ട് ഉപകരണങ്ങളുടെ സ്വരങ്ങൾ അതാണോ ജയന്തിയും കുമരേഷും ചേരുമ്പോൾ സംഭവിക്കുന്നത് ...
ഞങ്ങൾ രണ്ടുപേരും മിക്കവാറും ഒന്നിച് വീട്ടിൽ ഉണ്ടാകാറില്ല എന്നതാണ് സത്യം .രണ്ടുപേരും ലോകത്തിന്റെ രണ്ടു ഭാഗത്തായിരിക്കും .ഒന്നിച്ചുണ്ടാവുമ്പോൾ ജുഗൽബന്ദി പോലെത്തന്നെയാണ് .ഞങ്ങൾ അത് ആസ്വദിക്കുന്നു.
?ലോകം മുഴുവൻ കച്ചേരികൾ അവതരിപ്പിക്കുന്ന താങ്കൾ എന്തിനാണ് കോഴിക്കോട് ഒരു വീട്ടു മുറിയിൽ വന്നിരുന്ന് വീണ വായിക്കുന്നത് ..
മറ്റുള്ളതെല്ലാം വലിയൊരളവോളം തൊഴിൽപരവും വ്യാപാരപരവുമാണ് . ഈ വീട്ടുമുറിയിൽ ഞാൻ വീണ വായിക്കുന്നത് എന്റെ ആത്മാവിന് വേണ്ടി മാത്രം!.
എഴുതിയത് ശ്രീകാന്ത് കോട്ടക്കൽ.
2016 ഏപ്രിൽ 17 തീയതിയിലെ മാതൃഭൂമി പത്രത്തിന്റെ വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്


