യാക്കൂബിൽ നിന്ന് പഠിക്കാനുള്ളത്

കൊലപാതകം കൂടുതൽ ഹീനമാകുന്നത് അതിന്റെ മുന്നൊരുക്കത്തിന്റെയും, സന്നാഹങ്ങളുടെയും, അതു നിർവ്വഹിക്കുന്ന രീതിയുടേയും കൂടി പേരിലാണ്. അങ്ങനെ  നോക്കുമ്പോൾ, ലോക്കപ്പ് മുതൽ ജയിൽ വരെ , പോലീസുകാർ മുതൽ ന്യായാധിപർ വരെ നിയമഗ്രന്ഥ ങ്ങൾ  തൊട്ട് ആരാച്ചാരുടെ  കയ്യിലെ കയറു വരെ നീളുന്ന ഒട്ടേറെ സംവിധാനങ്ങളും സാമഗ്രികളും ഉപയോഗിച്ച് , നൂറ്റാണ്ടുകളായി ഭരണകൂടം നടപ്പാക്കുന്ന വധശിക്ഷയാണ് ഏറ്റവും ഹീനമായ കൊലപാതകം എന്ന് അൽബേർ കമ്യു നിരീക്ഷിക്കുന്നുണ്ട്.

അൽബേർ കമ്യു


 ഒരു രാഷ്ട്രത്തിന്റെ ജനാധിപത്യപരമായ ഗുണനിലവാരം നിശ്ചയിക്കേണ്ടത് ഇസ്തിരിയിട്ട ജീവിതം നയിക്കുന്ന കുലീന വ്യക്തിയുടെ സ്വാത്രന്ത്യത്തിന്റെ അടിസ്ഥാനത്തിലല്ല; മറിച്ച് ക്രിമിനൽ കേസ് പ്രതിയുടെയും തടവുകാരന്റെയും അവകാശങ്ങൾ എത്ര കണ്ടു മാനിക്കപ്പെടുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ്.നിയമത്തിന്റെ ദുരുപയോഗവും നീതിനിഷേധവും തടയാൻ അത്തരമൊരു ഉയർന്ന മാനദണ്ഡം അനിവാര്യമാണ് .വധശിക്ഷയുടെ കാര്യത്തിൽ ഈ തത്വം കൂടുതൽ സംഗതമാണ്.


തിന്മയുടെ പേരിൽ ഒരാൾ സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യപ്പെടണമെന്നു പറയണമെങ്കിൽ സമൂഹം അത്രമേൽ നന്മ നിറഞ്ഞതായിരിക്കണമെന്ന് വാദിച്ചത് അൽബേർ കമ്യുവാണ്. കമ്യുവിന്റെ വാക്കുകൾ കേട്ട് ഫ്രാൻസ് അടക്കമുള്ള 130-ൽ പരം രാജ്യങ്ങൾ വധശിക്ഷ നിർത്തലാക്കിയിരിക്കുന്നു.


Note: (യാക്കൂബ് മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് വധശിക്ഷ വേണമോ വേണ്ടയോ എന്നതിനെ സംബന്ധിച്ച് നിരവധി വിരുദ്ധാഭിപ്രായങ്ങളും, വാദങ്ങളും, ചർച്ചകളും  ഇന്ത്യയിലങ്ങോളമിങ്ങോളം നിലനിന്നിരുന്നു. ആ സമയത്ത്‌ എഴുതപ്പെട്ട ലേഖനമാണിത്)